JANAM TV - Your Window to the World As It Is - News

അടിയന്തരാവസ്ഥയ്ക് കാരണമായ വിധിയെഴുതിയ നിയമജ്ഞന്‍, മാറി മറഞ്ഞത് ഇന്ത്യന്‍ ചരിത്രം

അടിയന്തരാവസ്ഥയ്ക് കാരണമായ വിധിയെഴുതിയ നിയമജ്ഞന്‍, മാറി മറഞ്ഞത് ഇന്ത്യന്‍ ചരിത്രം




ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ഏടായി വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് വി ആര്‍ കൃഷ്ണയ്യരുടെ വിധിയായിരുന്നു. 1975 ജൂണ്‍ 12 നായിരുന്നു ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വിധി പ്രസ്താവം അലഹബാദ് ഹൈക്കോടതി ജഡ്ജി ജഗ് മോഹന്‍ ലാല്‍ സിന്‍ഹ പുറപ്പെടുവിച്ചത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കികൊണ്ടുള്ള ഉത്തരവായിരുന്നു അദ്ദേഹം പുറപ്പെടുവിച്ചത്. 1971 ലെ ഇന്ദിരാഗാന്ധിയുടെ റായ്ബറേലിയില്‍നിന്നുള്ള തെരഞ്ഞെടുപ്പാണ് കോടതി റദ്ദാക്കിയത്.  എതിരാളിയായിരുന്ന രാജ്‌നാരയന്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. 1975 മാര്‍ച്ച് 18 ന് കേസില്‍ ഇന്ദിരാഗാന്ധിയ്ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടിവന്നു. ഇന്ദിരാഗാന്ധി  ജനപ്രതിനിധ്യ നിയമം ലംഘിച്ചതായാണ് ഹൈക്കോടതി കണ്ടെത്തിയത്.
24 ജൂണിനാണ് ഇന്ദിരാഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതിയിലെത്തിയത്. കൃഷ്ണയ്യരായിരുന്നു അന്ന് അവധിക്കാല ജഡ്ജി. ഇന്ദിരാഗാന്ധിയ്ക്ക് വേണ്ടി ഹാജരായ എന്‍ എ പല്‍ക്കിവാല ശക്തമായ വാദഗതികളാണ് കൃഷ്ണയ്യര്‍ക്ക് മുമ്പാകെ വെച്ചത്. രാജ്യം ഇന്ദിരാഗാന്ധിയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണെന്നും അലഹബാദ് ഹൈക്കോടതി വിധി പൂര്‍ണമായും റദ്ദാക്കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കൃഷ്ണയ്യര്‍ പൂര്‍ണമായും തള്ളി.
അലഹബാദ് ഹൈക്കോടതിയുടെ വിധി ഭാഗിഗമായി  കൃഷ്ണയ്യര്‍ സ്റ്റേ ചെയ്തു. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി തുടരാന്‍ കൃഷ്ണയ്യര്‍ അനുവദിച്ചു.  എന്നാല്‍ അവരെ  പാര്‍ലമെന്‍റിലെ   ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ഈ വിധി വന്നതിനെതുടര്‍ന്ന് ഇന്ദിരാഗാന്ധി രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായി. എന്നാല്‍ അതിന് വഴങ്ങാതെ ഇന്ദിരാഗാന്ധി പിറ്റെ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
പല രീതിയിലും വ്യാഖ്യനിക്കപ്പെട്ട ജഡ്ജിമെന്റായിരുന്നു ഇത്. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി തടുരാന്‍ അനുവദിച്ചതാണ് അടിയന്തരവാസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായതെന്ന് പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ജന പ്രാതിനിധ്യ നിയമമനുസരിച്ചാണ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. അതുകൊണ്ടുമാത്രം പ്രധാനമന്ത്രി സ്ഥാനം നഷ്ടപെടേണ്ടതില്ലെന്നാണ് കൃഷ്ണയ്യരുടെ വിധിയെ അനുകൂലിക്കുന്നവര്‍ പറയുന്നന്നത്. കാരണം ജന പ്രതിനിധിയല്ലെങ്കിലും പ്രധാനമന്ത്രിയായി തുടരാനുള്ള അവസരം ഭരണഘടനാ പരമായി ഉണ്ടെന്നുള്ളതുകൊണ്ടാണ് കൃഷ്ണയ്യര്‍ ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ചതെന്ന് കരുതുന്നവരും നിയമരംഗത്തുണ്ട്. 
എന്തായാലും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഖ്യാതമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച കൃഷ്ണയ്യരുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിധിയായിരുന്നു അവധിക്കാല ജഡ്ജിയായിരിക്കുമ്പോള്‍ അദ്ദേഹം പുറപ്പെടുവിച്ച ഈ വിധി.

No comments:

Post a Comment