JANAM TV - Your Window to the World As It Is - News

ഹോ... ഈ അടിയന്തരാവസ്ഥ ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ..

ഹോ... ഈ അടിയന്തരാവസ്ഥ ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ...

അന്ന് എല്ലാവർഷവും പുതിയ ടെക്സ്റ്റ് ബുക്കുകൾ വാങ്ങുന്ന പതിവില്ല. മുതിർന്നവർ അവർ അടുത്ത ക്ലാസ്സുകളിലേക്ക് പോകുമ്പോൾ തങ്ങളുടെ പുസ്തകങ്ങൾ ഇളയവർക്ക് നൽകും. ഏതെങ്കിലും ടെക്സ്റ്റ് സിലബസ്സ് മാറിയിട്ടുണ്ടെങ്കിൽ മാത്രമെ പുതിയത് വാങ്ങു. അങ്ങനെ സെക്കണ്ട് ഹാൻഡ് പുസ്തകങ്ങളാണ് ഞങ്ങൾ പഠനത്തിന് ഉപയോഗിക്കാറുള്ളത്. പഴകിയ പുസ്തകങ്ങൾ പുതിയ പേപ്പറുകൾ ഉപയോഗിച്ച് പൊതിഞ്ഞ് സുന്ദരമാക്കും. പുസ്തകങ്ങൾ പൊതിയുന്നതിലും അന്ന് വിവേചനമുണ്ട്. വളരെ സാധാരണക്കാരായ കുട്ടികൾ വർത്തമാനപത്രം കൊണ്ടാണ് പുസ്തകങ്ങൾ കവർ ചെയ്യാറ്. കുറച്ചു സാമർത്ഥ്യം കൂടുതലുള്ളവർ സിനിമാ പോസ്റ്ററുകൾ കൊണ്ടും. സാമ്പത്തിക സ്ഥിതിയും അല്പം വായനാശീലമുള്ള രക്ഷിതാക്കളുമുള്ളവർ സോവിയറ്റ് ലാൻഡ് എന്ന മാസികയുടെ പേപ്പറുകൾ കൊണ്ടായിരിക്കും പുസ്തകങ്ങൾ പൊതിയുക. ലാമിനേറ്റ് ചെയ്ത് മിനുസമുള്ള സോവിയറ്റ് ലാൻഡിന്റെ പേപ്പർ കൊണ്ടുപൊതിഞ്ഞാൽ പുസ്തം നനയില്ല എന്നൊരു ഗുണം കൂടിയുണ്ട്.ഏങ്കിലും അന്നത്തെ സൂപ്പർ സ്റ്റാർ, സിനിമാ പോസ്റ്റർ കൊണ്ടു പൊതിഞ്ഞ പുസ്തകങ്ങൾ തന്നെയായിരുന്നു. പ്രേമ്നസ്സീറിന്റെ പടമുള്ളതാണെങ്കിൽ കലക്കി. പക്ഷെ ചുമരുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ കീറിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുറേ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഞാൻ അമ്മാവൻ സ്ഥിരമായി വാങ്ങാറുള്ള സോവിയറ്റ് ലാൻഡിലേക്ക് തിരിഞ്ഞു. പക്ഷെ മനസ്സിന് ഒരു തൃപ്തി വരുന്നില്ല. എങ്ങിനെയെങ്കിലും കുറേ സിനിമാപോസ്റ്റർ സംഘടിപ്പിക്കണം. അപ്പോഴാണ് സുരേന്ദ്രനെ ശ്രദ്ധിക്കുന്നത്.ഇരുമ്പുപാലത്തിനറ്റുത്ത് താമസിക്കുന്ന അവൻ എല്ലാ ആഴ്ചയിലും പുതിയ പുതിയ സിനിമാ പോസ്റ്ററുകൾ കൊണ്ട് പുസ്തകം പൊതിഞ്ഞു കൊണ്ടുവരുന്നത് കാണാം. അങ്ങിനെ അവനുമായി സൗഹൃദംസ്ഥാപിച്ചു. ഞങ്ങളുടെ വീട്ടിൽനിന്നും സ്കൂളിലേക്ക് പോകുന്ന വഴിക്കാണ് അവന്റെ വീട്. പിന്നീടെന്നും സ്കൂളിലേക്ക് വരുന്നതും പോകുന്നതും അവന്റെ കൂടെയാക്കി.സൗഹൃദം കൂടുതൽ ശക്തമായതോടെ ധൈര്യം സംഭരിച്ച്, പുതിയ പുതിയ സിനിമാ പോസ്റ്ററുകൾ കിട്ടുന്നതിനേക്കുറിച്ച് അവനോട് ചോദിച്ചു.അതിരാവിലെ എഴുന്നേറ്റ് പൂർണ്ണത്രയീശ ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ അവൻ എന്നും പോകും. അർജ്ജുന തീർത്തം എന്നറിയപ്പെടുന്ന ആ കുളം വളരെ പുരാതനമായ ഒന്നാണ്. ക്ഷേത്രം വരുന്നതിനും മുൻപ് അവിടെ ആ കുളമുണ്ടായിരുന്നത്രെ! കൃഷ്ണൻ നൽകിയ സന്താനഗോപാല മൂർത്തിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് മുൻപ് അർജ്ജുനൻ ആ കുളത്തിലാണത്രെ ദേഹശുദ്ധി വരുത്തിയത്. അങ്ങിനെയാണ് അതിന് അർജ്ജുന തീർത്തമെന്ന പേര് ലഭിച്ചത്.അന്നെല്ലാം ഞങ്ങളുടെ തൃപ്പൂണൈത്തുറയിലെ മൂന്ന് തീയറ്ററുകളിൽ വെള്ളിയാഴ്ചയാണ് സിനിമ മാറുന്നത്. പുതിയ സിനിമയുടെ പോസ്റ്ററുകൾ വെള്ളിയാഴ്ച അതിരാവിലെ തീയറ്ററുകളിലെ ജോലിക്കാർ കൊണ്ടുവന്ന് ചുമരുകളിൽ പതിപ്പിക്കും. ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള സേവാസംഘം ഓഫീസിന്റെ ചുമരും അത്തരത്തിൽ സ്ഥിരമായി പോസ്റ്ററുകൾ പതിക്കുന്ന ഒരിടമാണ്. ഇന്നത്തെപ്പോലെ ഫ്ലക്സുകളും നിയോൺ പരസ്യബോർഡുകളും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു അതെന്ന് ഓർക്കണം. സുരേന്ദ്രനും കൂട്ടരും കുളികഴിഞ്ഞു മടങ്ങുമ്പോളായിരിക്കും ഇവിടെ തീയറ്ററുകാർ പോസ്റ്റർ ഒട്ടിച്ച് മടങ്ങുക. പശ ഉണങ്ങും മുൻപെ അവർ അത് പറിച്ചെടുക്കും.അതിരാവിലെ എഴുന്നേൽക്കുക എന്നത് കുറച്ച് വിഷമമുള്ള കാര്യമാണ്. അമ്പലക്കുളത്തിൽ കുളിക്കാൻ പോവുക എന്നത് ഒരിക്കലും നടക്കാത്ത കാര്യവും. വീട്ടിൽ സമ്മതിക്കില്ല. പിന്നെ പോസ്റ്റർ കിട്ടാനെന്താണ് ഒരു വഴി? മടിച്ച് മടിച്ച് സുരേന്ദ്രനോട് തന്നെ ചോദിച്ചു, അപ്പോഴേക്കും എവ്ന്റെ ഒരു അടുത്ത സുഹൃത്തായി മാറിക്കഴിഞ്ഞ അവന് ആ അപേക്ഷ നിരസ്സിക്കാനായില്ല. പിന്നെ ഞാനും ആഴ്ച്ചക്കാഴ്ച്ചക്ക് പുതിയ പുതിയ സിനിമാ പോസ്റ്ററുകൾ കൊണ്ട് പുസ്തകം പൊതിയുവാൻ തുടങ്ങി. അങ്ങിനെ സുരേന്ദ്രനേപ്പോലെ ഞാനും ക്ലാസ്സിൽ ഒരു സൂപ്പർ സ്റ്റാറായി.സിനിമാ പോസ്റ്ററിൽ തുടങ്ങിയ സൗഹൃദം ഇന്നും ഞങ്ങൾ കാത്തു സൂക്ഷിക്കുന്നു. സർക്കർ ഉദ്യോഗസ്ഥനായ അവനെ, എപ്പോൾ നാട്ടിലെത്തുമ്പോളും ഞാൻ കാണാറുണ്ട്.അങ്ങിനെ വിലസുന്ന സമയത്താണ് ഒരു ദിവസം ഒരു അശനിപാതം പോലെ സുരേന്ദ്രൻ ആ വാർത്ത പറയുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിചത്രെ!എന്താണ് അടിയന്തരാവസ്ഥ എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ അവനോട് തന്നെ ചോദിച്ചു."കൂടുതലൊന്നും എനിക്കുമറിയില്ല. ഇന്ന് സിനിമാ പോസ്റ്റർ കീറുമ്പോൾ അതു വഴി പോയ ഒരമ്മാവനാണ് പറഞ്ഞത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മേലിൽ സിനിമാപോസ്റ്റർ കീറിയാൽ പോലിസ് അറസ്റ്റ് ചെയ്യുമെന്ന്."ദൈവമെ, ഈ നശിച്ച അടിയന്തരാവസ്ഥ കാരണം ഇനി മുതൽ പുസ്തക്മ് നല്ല രീതിയിൽ പൊതിയാൻ പറ്റില്ലല്ലോ? എനിക്കും വ്യാധിയായി.തറവാട്ടിൽ അത്താഴശേഷം നടക്കാറുള്ള സഭാചർച്ചയിൽ അമ്മാവന്മാരും പിന്നെ പറയുന്നത് കേട്ടു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്ന്. പക്ഷെ അവരെല്ലാം ഉദ്യോഗസ്ഥരാണ്. പുസ്ത്കം പൊതിയേണ്ട കാര്യമില്ല. പിന്നെ ഈ അടിയന്തരാവസ്ഥകൊണ്ട് അവർക്കെന്താണ് നഷ്ടം? എനിക്കു മനസ്സിലായില്ല.മുക്കോട്ടിൽ അമ്പലത്തിലെ ദീപാരാധന നേരത്തുമാത്രമല്ല, പിന്നീടെന്നും ഉറങ്ങുന്നതിനു മുൻപും എന്റെ പ്രാർത്ഥന ഇതായിരുന്നു."ഈ അടിയന്തരാവസ്ഥ എങ്ങനെയെങ്കിലും ഒന്ന് മാറ്റിത്തരണേ...."

(കടപ്പാട്:  Ravikumar Ambadi -http://chumarchitrangal.blogspot.in/)

No comments:

Post a Comment