JANAM TV - Your Window to the World As It Is - News

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും - ടി സതീശൻ

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും


അടിയന്തരാവസ്ഥക്കാലത്ത്‌ എത്രപേര്‍ കേരളത്തില്‍ പോലീസ്‌ പീഡനത്തെ തുടര്‍ന്ന്‌ മരിച്ചു? കയ്യൂര്‍ സമരവും പുന്നപ്ര-വയലാര്‍ സമരവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കി. സമരക്കാര്‍ക്കു പെന്‍ഷനും കൊടുത്തു. പക്ഷേ അടിയന്തരാവസ്ഥക്ക്‌ അങ്ങനെ ഒരു പരിഗണന ആരും കൊടുക്കാത്തതെന്തുകൊണ്ടാണ്‌? ഈച്ചരവാര്യരുടെ മകന്‍ രാജനും വര്‍ക്കലയില്‍ വിജയനും മാത്രമാണോ പൊലീസ്‌ മര്‍ദ്ദനത്തില്‍ രക്തസാക്ഷികളായത്‌? എന്തുകൊണ്ടാണ്‌ അടിയന്തരാവസ്ഥയുടെ ശരിയായ ചരിത്രം ചര്‍ച്ചചെയ്യപ്പെടാത്തതും രേഖയിലാകാത്തതും? അടിയന്തരാവസ്ഥയിലെ പൊലീസ്‌ പീഡനത്തെ തുടര്‍ന്ന്‌ കൊല്ലപ്പെട്ടത്‌ 28 പേര്‍. എല്ലാ മതവിഭാഗത്തിലുംപെട്ടവര്‍. പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്തത്‌ നാലുപേര്‍. ലോക്കപ്പില്‍ മരിച്ചത്‌ രണ്ടുപേര്‍. കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്‌ ഏഴുപേരെ. പോലീസ്‌ മര്‍ദ്ദനത്തിനെ തുടര്‍ന്ന്‌ കൊല്ലാക്കൊല ചെയ്യപ്പെട്ടവര്‍ കേരളത്തില്‍ ആയിരക്കണക്കിനുണ്ട്‌. പക്ഷേ….. ഇന്നും ജൂണ്‍ 25 ആകുമ്പോള്‍ മാധ്യമങ്ങള്‍ പറയുന്ന കഥകളില്‍ ചില സംഭവങ്ങള്‍ മാത്രമാണുണ്ടാകുന്നത്‌. ടിവി ക്യാമറകള്‍ ഓടിപ്പോകുന്നത്‌ പഴയ എസ്‌എഫ്‌ഐ നേതാക്കളേയും ഒളിവില്‍ സുഖവാസം നയിച്ച ഇടതുപക്ഷ നേതാക്കളേയുമാണ്‌. എഴുതപ്പെട്ട അടിയന്തരാവസ്ഥാ പുസ്തകങ്ങളെല്ലാം ഒരു രാജന്‍ കേസിലും ചില ഇല്ലാക്കഥകളിലും വട്ടം ചുറ്റുന്ന ആവര്‍ത്തനങ്ങളാകുന്നു. എന്തുകൊണ്ട്‌? ചെങ്കൊടിപിടിച്ച ഏതു സമരത്തിനെയും ദേശീയ സ്വാതന്ത്ര്യ സമരമാക്കാന്‍ ഇടതുപക്ഷം പിടിവാശികാണിക്കും. പാടത്തിറങ്ങാത്തവര്‍ക്കും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ അനുവദിപ്പിക്കും. പാര്‍ട്ടിസമരത്തിനെ സ്വാതന്ത്ര്യസമരമാക്കി പെന്‍ഷന്‍ കൊടുപ്പിക്കും. പക്ഷേ, സ്വന്തം ഭരണകൂടത്തില്‍നിന്ന്‌ സ്വാതന്ത്ര്യം നേടാന്‍ ഒരു ജനസമൂഹം നടത്തിയ സമരത്തെ എന്തുകൊണ്ട്‌ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പ്രശ്നം മനസിലാക്കാം. സ്വന്തം അബദ്ധത്തെ അംഗീകരിക്കാനും അതിനെതിരെയുള്ള മുന്നേറ്റം ദേശീയ പ്രസ്ഥാനമാക്കാനും അവര്‍ തയ്യാറാകില്ലല്ലോ. സിപിഎമ്മും സിപിഐയും എന്തുകൊണ്ട്‌ അടിയന്തരാവസ്ഥാ സമരത്തെ അംഗീകരിക്കുന്നില്ല. മറ്റൊരു ചുകപ്പന്‍ പ്രസ്ഥാനമായ നക്സലുകളെ അംഗീകരിക്കേണ്ടി വരുന്നതുകൊണ്ടു മാത്രമാണോ. അതോ അവര്‍ വിശേഷിപ്പിക്കുന്ന ‘ഹിന്ദുവര്‍ഗ്ഗീയവാദി’കളായ ആര്‍എസ്‌എസ്സിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ടി വരുന്നതുകൊണ്ടോ? അതുമല്ലെങ്കില്‍ ആ ഐതിഹാസിക സമരത്തിലും ഞങ്ങളില്ല എന്ന സത്യം സമ്മതിക്കാന്‍ വിസമ്മതിച്ചിട്ടോ? *************** ജൂണ്‍ 26 വീണ്ടും, മുപ്പത്തിയെട്ടു വര്‍ഷം. ഇതുപോലൊരു ജൂണ്‍ 26 ന്‌ കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ കുതിര്‍ന്ന പ്രഭാതത്തില്‍ ആകാശവാണിയും പത്രമാധ്യമങ്ങളും ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ജനങ്ങള്‍ക്കു നല്‍കി ഭാരതത്തില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട്‌ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ്‌ പ്രഖ്യാപനം പുറപ്പെടുവിച്ചിരിക്കുന്നു എന്ന്‌. ഒപ്പം, പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരെല്ലാം അറസ്റ്റില്‍ എന്ന വാര്‍ത്തയും ജനങ്ങളിലെത്തി. ലോകനായക്‌ ജയപ്രകാശ്‌ നാരായണന്‍, അടല്‍ബിഹാരി വാജ്പേയ്‌, എല്‍.കെ.അദ്വാനി, മധുലിമേ, മധുദണ്ഡവതേ തുടങ്ങിയ നിരവധി പേര്‍ അതോടൊപ്പം തന്നെ കോണ്‍ഗ്രസില്‍ ഇന്ദിരയ്ക്ക്‌ “വെറുക്കപ്പെട്ടവരായിരുന്ന” എസ്‌.ചന്ദ്രശേഖര്‍ (മുന്‍പ്രധാനമന്ത്രി), നന്ദിനി സത്പതി, ലക്ഷ്മീ കാന്തമ്മ തുടങ്ങിയവര്‍. പ്രമുഖ ജനസംഘ നേതാവ്‌ നാനാജി ദേശ്മുഖ്‌, സോഷ്യലിസ്റ്റ്‌ വിഭാഗത്തിലെ പ്രമുഖനായ ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌, ജനസംഘം നേതാവ്‌ സുന്ദര്‍സിംഗ്‌ ഭണ്ഡാരി എന്നിവര്‍ ഒളിവില്‍ പോയി. കോണ്‍ഗ്രസും അവരുടെ ദേശീയാടിസ്ഥാനത്തിലുള്ള സഖ്യകക്ഷിയായ സിപിഐയും ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സംഘടനാസ്വാതന്ത്ര്യം തീര്‍ത്തും നിഷേധിക്കപ്പെട്ടു. ഇതിനെല്ലാം പുറമെ ഏതാനും ദിവസങ്ങള്‍ക്കുശേഷം ജൂലായ്‌ നാലിന്‌ സര്‍ക്കാര്‍ ആര്‍എസ്‌എസ്‌ ഉള്‍പ്പെടെ നിരവധി സംഘടനകളെ നിയമം മൂലം നിരോധിച്ചു. ദേശീയമായി പടര്‍ന്നുപന്തലിച്ച സംഘടന അന്ന്‌ ആര്‍എസ്‌എസ്‌ മാത്രമായിരുന്നു. കൂടാതെ സംഘത്തിലെ സമുന്നത സ്വയംസേവകരായിരുന്ന വാജ്പേയി, അദ്വാനി, നാനാജി,ഭണ്ഡാരി എന്നിവര്‍ നയിക്കുന്ന ജനസംഘം മറ്റ്‌ പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന്‌ ഇന്ദിരയ്ക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരുന്നത്‌.
“സംസ്ഥാനത്തും സ്ഥിതി ഭീകരമായി. പത്രസ്ഥാപനങ്ങള്‍ പൂട്ടി. സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചു. ‘നാവടക്കൂ പണിയെടുക്കൂ’ എന്ന ആപ്തവാക്യം പലരും തൊണ്ട തൊടാതെ വിഴുങ്ങി. പക്ഷേ, ദേശീയതലത്തിലുള്ള അടിയന്തരാവസ്ഥാ വിരുദ്ധവികാരം ഉള്‍ക്കൊള്ളാന്‍ കേരളത്തിലും ശുദ്ധരക്തമുള്ളവര്‍ ഉണ്ടായിരുന്നു. അതറിഞ്ഞ ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സിന്റെ കേരളത്തിലെ സ്വന്തം പ്രാന്തകാര്യാലയമായ എളമക്കരയിലെ ‘മാധവനിവാസ്‌’ ഉദ്ഘാടനം ചെയ്യപ്പെട്ടത്‌ ജൂണ്‍ 26 നായിരുന്നു. ജൂലായ്‌ നാലിന്‌ മാധവനിവാസ്‌ സീല്‍ ചെയ്യപ്പെട്ടു.
പിന്നീട്‌ സംഘം നേരിട്ടത്‌ കൊടും യാതനകളുടെ കാലഘട്ടമായിരുന്നു. “രാജാവിനേക്കാള്‍ രാജഭക്തി” കാണിച്ചിരുന്ന കരുണാകരനായിരുന്നു കേരളത്തിലെ ആഭ്യന്തരമന്ത്രി എന്നത്‌ ഇവിടെ ശ്രദ്ധേയമാണ്‌. സിപിഐ നേതാവായ മുഖ്യമന്ത്രി ചേലാട്ട്‌ അച്യുതമേനോനെ നോക്കുകുത്തിയാക്കിക്കൊണ്ടുള്ള കരുണാകര ഭരണം സംഘ സ്വയംസേവകര്‍ക്ക്‌ കടുത്ത ദുരവസ്ഥ സൃഷ്ടിച്ചു. ഇന്ദിരയുടെ കേരള ഫോട്ടോസ്റ്റാറ്റായി മാറിയ കരുണാകരന്‍ പോലീസിനെ മര്‍ദ്ദനോപകരണമാക്കി മാറ്റുകയായിരുന്നു. ആ കാലത്ത്‌ കേരളത്തില്‍ നക്സലൈറ്റുകളും പോലീസിന്റെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയായി.

സംസ്ഥാന നേതാക്കന്മാരും ഇന്ദിര എന്ന സ്വേച്ഛാധിപതിയെ പിന്തുണക്കാന്‍ ഏറെ നാടകങ്ങള്‍ നടത്തി. എറണാകുളം എംജി റോഡില്‍ കെപിസിസി പ്രസിഡന്റ്‌ എ.കെ.ആന്റണിയും പ്രമുഖ നേതാവ്‌ ലീല ദാമോദരമേനോനും കോരിച്ചൊരിയുന്ന ഇടവപ്പാതിയില്‍ പതിനെട്ടുപേരെ കൂട്ടി കുടചൂടിപ്രകടനം നടത്തിയത്‌ എറണാകുളത്തുകാര്‍ ഇന്നും ഓര്‍ക്കുന്നു . പരിമിതമായ ആവശ്യം: പ്രധാനമന്ത്രി രാജിവെയ്ക്കരുത്‌. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട്‌ ഇന്ദിരയ്ക്ക്‌ ആദ്യം കമ്പിയടിച്ച കെപിസിസി പ്രസിഡന്റ്‌ കേരളത്തിലെ “ആദര്‍ശധീരനായ” ആന്റണി തന്നെയായിരുന്നു. അധികാരം നഷ്മാക്കിക്കൊണ്ട്‌ തനിക്കെതിരേ വന്ന കോടതിവിധി സിഐഎ ഗൂഢാലോചനയാണെന്നു പറയാന്‍ ഇന്ദിര മടിച്ചില്ല. ‘ഫാസിസ്റ്റുകളായ ആര്‍എസ്‌എസുകാര്‍’ അധികാരം പിടിച്ചെടുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ്‌ ഇന്ദിര പുതിയ സംഭവവികാസങ്ങളെ കണ്ടത്‌. അതേറ്റുപറയാന്‍ സംഖ്യകക്ഷിയായ സിപിഐയും മത്സരിക്കുകയായിരുന്നു. കരുണാകരനെക്കാള്‍ താന്‍ പിന്നിലാവരുത്‌ എന്ന മത്സരബുദ്ധിയോടെ സംഘത്തെപ്പറ്റി അടിസ്ഥാനരഹിതാരോപണങ്ങളുമായി ‘മാന്യനായ’ ചേലാടനും കൂടി എന്നത്‌ ഒരു തമാശതന്നെയായിരുന്നു.
ഏതായാലും ആര്‍എസ്‌എസിനെ നിരോധിച്ച ജൂലായ്‌ നാലിന്‌ മുന്‍പ്‌, ജൂണ്‍ 30 ന്‌ താന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നതിന്‌ മുന്‍പ്‌, സര്‍സംഘചാലക്‌ ബാലാസാഹേബ്‌ ദേവറസ്‌ സംഘപ്രവര്‍ത്തകര്‍ക്ക്‌ ഇങ്ങനെ എഴുതി: “അലഹബാദ്‌ വിധി ശ്രീമതി ഗാന്ധിയുടെ സമനില തെറ്റിച്ചതുപോലെ തോന്നുന്നു. അവര്‍ ഏകാധിപത്യത്തിലേയ്ക്ക്‌ നീങ്ങുന്നു. ഇതിനെ സര്‍വശക്തിയുമുപയോഗിച്ചെതിര്‍ക്കണം. ജനാധിപത്യം പുനഃസ്ഥാപിയ്ക്കുന്നതുവരെ സംഘപ്രവര്‍ത്തകര്‍ക്ക്‌ വിശ്രമമില്ല.” ആര്‍എസ്‌എസ്‌ നിരോധനം പിന്‍വലിപ്പിയ്ക്കുന്നതിലും സംഘം പ്രാധാന്യം കൊടുക്കേണ്ടത്‌ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനാണ്‌ എന്ന കൃത്യമായ നിര്‍ദ്ദേശമായിരുന്നു ആ കത്തില്‍ പ്രതിഫലിച്ചത്‌. സ്വാഭാവികമായും ഭാരതീയ ജനസംഘം ആര്‍എസ്‌എസിന്റെ പാത തന്നെ പിന്തുടര്‍ന്നു.
*************
സംസ്ഥാനത്ത്‌ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുവേ നിര്‍ജീവമായി. ജനസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എകെജിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എറണാകുളത്ത്‌ അറസ്റ്റ്‌ വരിച്ചു. ഭൂരിപക്ഷം പേരും താമസിയാതെ ജയില്‍ വിമോചിതരായി.
സിപിഎമ്മിന്റെ സീനിയര്‍ നേതാക്കളില്‍ ഭൂരിപക്ഷം പേരും ജയില്‍ വിമോചിതരായതോടെ പാര്‍ട്ടി അടവുനയവും തുടങ്ങി. അടിയന്തരാവസ്ഥയ്ക്കെതിരെ നേരിട്ട്‌ പൊരുതാനുള്ള കരുത്തില്ല. അടിച്ചമര്‍ത്തല്‍ തീര്‍ച്ച. അപ്പോള്‍ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക തന്നെ അഭികാമ്യം! രാഷ്ട്രീയകാര്യങ്ങള്‍ അധികം പറയാതെ സാമ്പത്തിക കാര്യങ്ങള്‍ പറയുക. അപ്പോള്‍, എസ്റ്റാബ്ലിഷ്മെന്റുമായി ഒരു പാലവുമാകാം. സാമ്പത്തിക പ്രശ്നങ്ങള്‍ കൂടി പരിഹരിയ്ക്കാനാണ്‌ അടിയന്തരാവസ്ഥ എന്ന്‌ ഇന്ദിരാഗാന്ധി പറയുകയുണ്ടായിരുന്നു എന്നത്‌ ഇവിടെ എടുത്തു പറയേണ്ടതാണ്‌. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടി പ്രമേയവും സിപിഎം സുഹൃത്തുക്കളുടെ പക്കല്‍നിന്ന്‌ വാങ്ങി വായിച്ചതായി ഓര്‍ക്കുന്നു. ഏതായാലും തന്ത്രം ഫലിച്ചു. ഇഎംഎസിനും മറ്റും ടൗണ്‍ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പരസ്യമായി പ്രസംഗിക്കാനായി.
സ്വാഭാവികമായും 1975 ആഗസ്റ്റ്‌ ആയപ്പോഴേയ്ക്കും കേരളത്തിലെ അടിയന്തരാവസ്ഥാ വിരുദ്ധ സമരം ആര്‍എസ്‌എസിന്റെ മാത്രം ചുമതലയായിത്തീര്‍ന്നു. ആര്‍എസ്‌എസ്‌ എന്നതുകൊണ്ടു ഉദ്ദേശിച്ചത്‌ ഭാരതീയ ജനസംഘത്തേയും ചേര്‍ത്താണ്‌.
ജൂണ്‍ 26-27 തീയതികളില്‍ അടിയന്തരാവസ്ഥ വിരുദ്ധ ചുവരെഴുത്തുകളും “ഇന്ദിരയുടെ അടിയന്തിരം” എന്ന ലഘുലേഖയും പരിവര്‍ത്തനവാദികളുടെ ശ്രദ്ധേയമായ ചെറുത്തുനില്‍പ്പുകളുമായിരുന്നു. അവരുടെ സമുന്നത നേതാക്കളായ എം.എ.ജോണും പി.രാജനും ജയിലിലായതോടെ അവരും തുറന്ന പോരാട്ടം നിര്‍ത്തി. എങ്കിലും ആര്‍എസ്‌എസ്‌ മാസത്തില്‍ രണ്ടുതവണ ഇറക്കിയിരുന്ന “കുരുക്ഷേത്രം” എന്ന അണ്ടര്‍ഗ്രൗണ്ട്‌ (യുജി) പത്രത്തിന്റെ പ്രിന്റിംഗ്‌ നടത്താന്‍ വേണ്ട സഹകരണങ്ങള്‍ അവര്‍ ആത്മാര്‍ത്ഥതയോടെ നടത്തിയിരുന്നു. പരിവര്‍ത്തനവാദി നേതാക്കളായിരുന്ന ദേവസ്സിക്കുട്ടിയുടേയും ടി.ജി.ജോര്‍ജിന്റേയും സുധീര സഹകരണങ്ങള്‍ ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു. അന്നത്തെ എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ജി.വേണുഗോപാലിനും ഈ ലേഖകനും അവരുടെ എറണാകുളം കോണ്‍വെന്റ്‌ റോഡിലെ സംസ്ഥാന ഓഫീസ്‌ എന്നും അഭയമേകി.
ആര്‍എസ്‌എസിന്റെ അഖിലഭാരതീയമായ സംഘടനായന്ത്രം മുഴുവന്‍ അടിയന്തരാവസ്ഥാ വിരുദ്ധ പ്രവര്‍ത്തന സംവിധാനമായി മാറി. അത്‌ കേരളത്തിലും സംഭവിച്ചു. കേരളത്തിലെ പ്രമുഖ നേതാക്കളായ അഡ്വ.ടി.വി.അനന്തനും രാധാകൃഷ്ണ ഭട്ജിയും പിന്നീട്‌ പലപ്പോഴായി പി.പി.മുകുന്ദനും വൈക്കം ഗോപകുമാറും വി.പി.ദാസനുമെല്ലാം ജയിലിലായി എങ്കിലും സംഘടന യാതൊരു കോട്ടവും കൂടാതെ നിലനിന്നു. സ്വന്തം പ്രാന്തകാര്യാലയമായ എളമക്കരയിലെ മാധവനിവാസിന്റെ ഗൃഹപ്രവേശം ജൂണ്‍ 26 നായിരുന്നു. ഒപ്പംതന്നെയുള്ള ഒരാഴ്ച നീണ്ടുനിന്ന പ്രചാരക ബൈഠക്‌ 27 ന്‌ വൈകുന്നേരം പിരിച്ചുവിടുകയും പ്രചാരകന്മാരോട്‌ യുജിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു സംഘനേതൃത്വം. ജൂലായ്‌ മാസത്തില്‍ ആര്‍എസ്‌എസ്‌ ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി ബിഎംഎസ്‌ സ്ഥാപകന്‍ ദത്തോപാന്ത്‌ ഠേംഗ്ഡി കേരള സന്ദര്‍ശനം നടത്തിയെങ്കിലും സിപിഎം നേതാവ്‌ വി.വിശ്വനാഥ മേനോനൊഴിച്ച്‌ മറ്റ്‌ പ്രതിപക്ഷ നേതാക്കളെയൊന്നും കാണാന്‍ കഴിയാതെ, സംഘടനാ നേതാക്കളുമായി മാത്രം ചര്‍ച്ച നടത്തി അദ്ദേഹം തിരിച്ചുപോയി.
അടിയന്തരാവസ്ഥക്കെതിരായ ശക്തമായ പ്രചാരണങ്ങള്‍ ആരംഭിച്ചത്‌ 1975 ഒക്ടോബര്‍ രണ്ടിന്‌ കേരളത്തിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ട ഗാന്ധിജയന്തി പോസ്റ്ററിലൂടെയായിരുന്നു. “ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍” എന്ന കവിവാക്യവും കൂട്ടിലിട്ട തത്തയുടെ ചിത്രവുമടങ്ങിയ പോസ്റ്റര്‍ കേരളത്തിലെ ഭരണനേതൃത്വത്തേയും പോലീസിനേയും ഒരുപോലെ ഞെട്ടിച്ചു. അതോടെ ഭാരതത്തിലെ എല്ലാ പ്രാദേശിക ഭാഷകളിലും മാസത്തില്‍ രണ്ടു തവണ ഇറങ്ങിയ വാര്‍ത്താമാധ്യമങ്ങളുടെ ഭാഗമായി കേരളത്തില്‍ “കുരുക്ഷേത്രം” ഇറങ്ങി. സെന്‍സര്‍ഷിപ്പിന്റെ കത്തിമൂലം സത്യാവസ്ഥ അറിയാന്‍ സാധിക്കാതിരുന്ന ജനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസിനും ബ്യൂറോക്രസിയ്ക്കും അത്‌ ഒരുപോലെ പ്രിയങ്കരമായി തീര്‍ന്നു. അര്‍ധരാത്രിയില്‍ രഹസ്യമായാണ്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ അത്‌ വീടുകളുടെ മുറ്റത്ത്‌ നിക്ഷേപിച്ചിരുന്നത്‌. ഉന്നതര്‍ക്ക്‌ പോസ്റ്റലായും. എകെജി പാര്‍ലമെന്റില്‍ ചെയ്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രസംഗത്തിന്റെ കോപ്പി എബിവിപി സംഘടനാ കാര്യദര്‍ശി, അന്നത്തെ എസ്‌എഫ്‌ഐ പ്രസിഡന്റായ എം.എ.ബേബിയ്ക്ക്‌ നല്‍കിയപ്പോള്‍ ബേബിയുടെ കണ്ണുകളില്‍ കണ്ട തിളക്കവും മുഖത്തെ വൈകാരിക ഭാവവും ഈ ലേഖകന്‍ ഇന്നും ഓര്‍ക്കുന്നു.
1975 ഒക്ടോബര്‍ രണ്ടിന്‌ മട്ടാഞ്ചേരിയില്‍ നടന്ന പ്രമുഖ പ്രവര്‍ത്തകരുടെ ബൈഠക്കില്‍ സത്യഗ്രഹ പരിപാടി പ്രഖ്യാപിച്ചത്‌ ആര്‍എസ്‌എസ്സിന്റെ ദക്ഷിണ ക്ഷേത്രീയ പ്രചാരകനായിരുന്ന യാദവ്‌ റാവു ജോഷിയായിരുന്നു. പ്രസ്തുത സമരത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പങ്കുറപ്പിക്കാന്‍ ദത്തോപാന്ത്‌ ഠേംഗ്ഡി കേരളത്തില്‍ വന്നു. സംഘടനാ കോണ്‍ഗ്രസും സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും സഹകരണ വാഗ്ദാനം ചെയ്തു. വര്‍ഗശത്രുവിനോട്‌ സഹകരിക്കുന്നതിലും ഭേദം അടിയന്തരാവസ്ഥ സഹിക്കുന്നതാണെന്ന്‌ പറഞ്ഞ ചില സിപിഎം നേതാക്കളും അന്നുണ്ടായിരുന്നു. കേരളകോണ്‍ഗ്രസുകാരാകട്ടെ കുറച്ചുമാസം ജയില്‍വാസമനുഭവിച്ചപ്പോള്‍ മാപ്പെഴുതി കൊടുത്ത്‌ വിമോചിതരായി, കോണ്‍ഗ്രസ്‌ യൂണിയനില്‍ ചേന്ന്‌ മന്ത്രിമാരുമായി!
ഠേംഗ്ഡിയുമായി കൂടിക്കാഴ്ചയ്ക്കായി അന്നത്തെ സംഘടന കോണ്‍ഗ്രസ്‌ പിസിസി അദ്ധ്യക്ഷന്‍ കെ.ശങ്കരനാരായണനെ (ഇന്ന്‌ മഹാരാഷ്ട്രാ ഗവര്‍ണര്‍) കൂട്ടാന്‍ ഈ ലേഖകനും ഇന്നത്തെ ബിജെപി നേതാവ്‌ ഏറ്റുമാനൂര്‍ രാധാകൃഷ്ണനും ചെന്നു. താന്‍ ജയില്‍ വിമോചിതനായിട്ട്‌ ഏതാനും ദിവസങ്ങള്‍ മാത്രമായിട്ടുള്ളൂ എന്നതിനാല്‍ തന്റെ പിന്നില്‍ പോലീസിന്റെ ചാരക്കണ്ണുകളുണ്ടെന്നും അതിനാല്‍ തന്റെ സന്ദര്‍ശനം ഠേംഗ്ഡിജിയെ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി ശങ്കരനാരായണന്‍ വന്നില്ല. പകരം പിസിസി സെക്രട്ടറി കെ.ഗോപാലന്‍ ഞങ്ങളോടൊപ്പം വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശങ്കരനാരായണന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയില്‍നിന്ന്‌ 1000 പേരെ സത്യഗ്രഹത്തില്‍ പങ്കെടുപ്പിക്കാമെന്ന്‌ ഗോപാലന്‍ ഠേംഗ്ഡിജിക്ക്‌ വാഗ്ദാനം നല്‍കി. (പക്ഷെ വന്നത്‌ കഷ്ടിച്ച്‌ പത്തുപേരില്‍ താഴെ.)
*************
1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ നീണ്ടുനിന്ന സത്യഗ്രഹത്തില്‍ കേരളത്തില്‍നിന്ന്‌ ആയിരക്കണക്കിന്‌ സംഘപ്രവര്‍ത്തകര്‍ പങ്കെടുത്തു. അവരുടെയെല്ലാം പേരു വിവരങ്ങളും സത്യഗ്രഹ സ്ഥലങ്ങളും തീയതിയുമെല്ലാം ആര്‍.ഹരി രചിച്ച “ഒളിവിലെ തെളിനാളങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്‌. സത്യഗ്രഹികളെ തയ്യാറാക്കാന്‍ നടത്തിയ ബൈഠക്കുകളില്‍ അവരെ ആവര്‍ത്തിച്ചു ബോധിപ്പിച്ചത്‌ അവര്‍ മരണത്തെപ്പോലും നേരിടാനാണു പോകുന്നതെന്നായിരുന്നു. ജോലിയും വിദ്യാഭ്യാസവും കുടുംബവും നഷ്ടപ്പെടാന്‍ തയ്യാറാകുന്നവര്‍ക്ക്‌ മാത്രമേ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. കൂടാതെ രണ്ടുരൂപ സമരസമിതി ഫണ്ടിലേയ്ക്ക്‌ സംഭാവനയും കൊടുക്കണം. മരണത്തിനും പ്രവേശന ഫീസ്‌ എന്നായിരുന്നു ഞങ്ങള്‍ അന്ന്‌ അതിനെ നര്‍മത്തോടെ പറഞ്ഞിരുന്നത്‌. ഓരോ സത്യഗ്രഹിയും മൂന്ന്‌ ഘട്ടം ബൈഠക്കുകളില്‍ പങ്കെടുത്തതിനുശേഷമാണ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. അതുകൊണ്ടുതന്നെ എത്ര കടുത്ത മര്‍ദ്ദനം സഹിച്ചാലും ആരുടേയും നാവില്‍നിന്നും സംഘടനാപരമായ രഹസ്യങ്ങള്‍ പുറത്തുവന്നില്ല. കരുണാകരന്റെ പോലീസ്‌ അന്നേവരെയും കേട്ടുകേള്‍വിയില്ലാത്ത പലതരം മര്‍ദ്ദനമുറകളും നടപ്പിലാക്കി-ഉരുട്ടല്‍, ഗരുഡന്‍ തൂക്കം, ഷോക്കടിപ്പിക്കല്‍ എന്നിങ്ങനെ. ഭാസ്കര്‍റാവു, ഹരിയേട്ടന്‍, മാധവ്ജി എന്നിവരെപ്പറ്റി ചോദിച്ചുകൊണ്ടുള്ള മര്‍ദ്ദനങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്നു. എന്നിട്ടും രണ്ട്‌ തവണ സത്യഗ്രഹത്തിന്‌ പോയവര്‍ കുറവല്ലായിരുന്നു
അക്കാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട നക്സലൈറ്റ്‌ അനുഭാവികളും ഇത്തരത്തിലുള്ള കടുത്ത മര്‍ദ്ദനമുറകള്‍ക്കിരയായി. അങ്ങനെയാണ്‌ പ്രൊഫ.ഈച്ചരവാര്യരുടെ മകനായ പി.രാജന്‍ കൊല്ലപ്പെട്ടത്‌ എന്ന്‌ പിന്നീട്‌ സ്ഥിരീകരിക്കപ്പെട്ടു.
സത്യഗ്രഹത്തിന്‌ എല്ലാ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ക്യാമ്പസ്സുകളില്‍ സത്യഗ്രഹം നടത്താനുള്ള ഒരു ശ്രമം എബിവിപിയുടെ ഭാഗത്തുനിന്നുണ്ടായി. എബിവിപിയുടെ സംസ്ഥാന സംഘടനാകാര്യദര്‍ശി കെ.ജി.വേണുഗോപാല്‍ നടത്തിയ ആ നീക്കത്തിന്‌ സഹായിയായി ഈ ലേഖകനും കൂടെ ഉണ്ടായിരുന്നു. തോമസ്‌ ഐസക്‌, എം.എ.ബേബി (എസ്‌എഫ്‌ഐ), ടി.ഡി.ജോര്‍ജ്‌ (പരിവര്‍ത്തനവാദി), കെ.സുധാകരന്‍, ഗംഗാധരന്‍(കെഎസ്‌യു-ഒ) എന്നിവരായിരുന്നു മറ്റംഗങ്ങള്‍. (കെ.സുധാകരന്‍ ഇന്ന്‌ കോണ്‍ഗ്രസ്‌ നേതാവും എംപിയുമാണ്‌). ക്യാമ്പസ്‌ സത്യഗ്രഹത്തിന്‌ തീയതി നിശ്ചയിച്ചു. ഐസക്കും ജോര്‍ജും ഈ ലേഖകനുമടങ്ങിയ സബ്കമ്മറ്റി ലഘുലേഖ തയ്യാറാക്കി. മറ്റ്‌ സംഘടനകള്‍ പിന്നീട്‌ പണം തരാമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ സംഘത്തില്‍നിന്ന്‌ വാങ്ങിയ 650 രൂപ പ്രിന്റിംഗ്‌ ചെലവിനായി കൊടുത്തു. പക്ഷേ തങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വം അതിനനുവാദം നല്‍കുന്നില്ലെന്നും പറഞ്ഞുകൊണ്ട്‌ എസ്‌എഫ്‌ഐ മുന്‍തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടുപോയി. അങ്ങനെ ക്യാമ്പസ്‌ സത്യഗ്രഹമെന്ന സ്വപ്നം പൊലിഞ്ഞു…. ഇംഗ്ലീഷ്‌ ഭാഷയിലെ പ്രയോഗമനുസരിച്ച്‌…. thanks To SFI!
എങ്കിലും എസ്‌എഫ്‌ഐ നേതാക്കള്‍ക്ക്‌ എബിവിപി പ്രവര്‍ത്തകര്‍ വഴി കുരുക്ഷേത്രം കോപ്പികള്‍ കൊടുക്കുന്ന പതിവ്‌ ഞങ്ങള്‍ തുടര്‍ന്നു. അത്തരം കൈമാറ്റങ്ങള്‍ക്കിടയിലാണ്‌ തോമസ്‌ ഐസക്കിനെയും കെ.ആര്‍.ഉമാകാന്തനേയും (ഇന്നത്തെ ബിജെപി സംഘടനാ സെക്രട്ടറി) എറണാകുളം മഹാരാജാസ്‌ ക്യാമ്പസില്‍ വെച്ച്‌ കെഎസ്‌യുക്കാര്‍ ബലമായി പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌. അവര്‍ മാസങ്ങളോളം ജയിലിലായി. കുരുക്ഷേത്രത്തിന്റെ ഉത്ഭവമറിയാനായി അവരെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തു.
*************
സത്യഗ്രഹകാലത്ത്‌ പോലീസ്‌ പറഞ്ഞു-”ചത്ത ഗാന്ധിയ്ക്ക്‌ ജയ്‌ വിളിക്കാതെ ജീവിച്ചിരിക്കുന്ന ഗാന്ധിജിയ്ക്ക്‌ ജയ്‌ വിളിയ്ക്കടാ” എന്ന്‌. മറ്റൊന്ന്‌ “ആര്‍എസ്‌എസ്‌ നേതാക്കള്‍ക്ക്‌ ബോധമില്ല. അതല്ലേടാ നിന്നെയൊക്കെ ഇങ്ങനെ തല്ലുകൊണ്ട്‌ ചാവാന്‍ വിടുന്നത്‌. സിപിഎംകാരെ കണ്ടുപഠിയ്ക്ക്‌. വിപ്ലവനേതാക്കളായ എകെജിയും ഇഎംഎസുംമൊക്കെ എവിടെ? അവര്‍ക്ക്‌ ബോധമുണ്ട്‌. അവര്‍ക്കറിയാം, അടിയന്തരാവസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചാല്‍ എന്തു സംഭവിക്കുമെന്ന്‌.” അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഎംകാര്‍ സജീവമായി പ്രവര്‍ത്തിച്ചുവെന്ന്‌ ചിന്തിക്കുന്നവര്‍ ഈ പോലീസ്‌ വചനം ഓര്‍ക്കുന്നത്‌ നന്ന്‌.
സമരരംഗത്തെ സിപിഎം നിലപാടിനോടു വിയോജിച്ച ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ന്‌ ആര്‍എസ്‌എസ്സിലേക്ക്‌ വന്നു. സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളായിരുന്ന കണ്ണൂര്‍-ആലപ്പുഴ ജില്ലകളിലായിരുന്നു ഇതു കൂടുതല്‍. അതുകൊണ്ടാണ്‌ അടിയന്തരാവസ്ഥയ്ക്കുശേഷം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ മേല്‍ സിപിഎംകാരുടെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ഈ രണ്ട്‌ ജില്ലകളില്‍ അരങ്ങേറിയത്‌. അവിടെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട സംഘപ്രവര്‍ത്തകരില്‍ 99 ശതമാനവും മുന്‍ സിപിഎംകാരായിരുന്നു.
അക്കാലത്തെ കിരാതമര്‍ദ്ദനങ്ങള്‍ ഏറ്റവര്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്‌. വൈക്കം ഗോപകുമാര്‍, ആലപ്പുഴയില്‍ പ്രചാരകനായിരുന്ന കോഴിക്കോട്‌ ശിവദാസ്‌, മട്ടാഞ്ചേരി പുരുഷോത്തമന്‍, വള്ളിക്കുന്ന്‌ സുബ്രഹ്മണ്യന്‍, ഇന്ന്‌ ബിജെപി നേതാവായിരിക്കുന്ന ധര്‍മരാജന്‍, തായ്ക്കാട്ടുകര ശശി, പച്ചാളം ശിവരാമന്‍, ചെമ്മനാട്‌ കൃഷ്ണന്‍, കണ്ണൂര്‍ ജയിലില്‍ ഉപവാസ ദിവസം ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിന്‌ ഒരാഴ്ചയോളം വസ്ത്രം നിഷേധിക്കപ്പെട്ടു ക്രൂരമര്‍ദ്ദനത്തിനിരയാക്കപ്പെട്ട കലാദര്‍പ്പണം രവീന്ദ്രന്‍, മലയാറ്റൂര്‍ ഭരതന്‍, കാസര്‍ഗോഡ്‌ ജില്ലയിലെ കൃഷ്ണന്‍ (ആ സത്യഗ്രഹ ബാച്ചിനെ മര്‍ദ്ദിച്ചപ്പോള്‍ പുലിക്കോടന്‍ നാരായണന്‍ നയിച്ച പോലീസ്‌ സംഘത്തിന്റെ മൂന്ന്‌ ലാത്തികള്‍ ഒടിഞ്ഞു) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. അടുത്തകാലത്ത്‌ നിര്യാതനായ തൃപ്പൂണിത്തുറ ശരവണനും ഈ ഗണത്തില്‍പ്പെടുന്ന ആളാണ്‌.
പക്ഷേ ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത്‌ സിപിഎംകാരാണ്‌. ജൂണ്‍ 25 ന്‌ ടിവി ചാനലുകള്‍ മുന്‍കാല എസ്‌എഫ്‌ഐക്കാരെ തേടി പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍ തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത്‌ പാര്‍ട്ടിയുടെ ബാലന്‍സ്‌ ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ്‌ അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക്‌ കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്‌എസ്കാര്‍ക്ക്‌ അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.
എങ്കിലും ഒരു നിരീക്ഷകനെന്ന നിലയില്‍ (അടിയന്തരാവസ്ഥക്കാലത്ത്‌ യുജിയില്‍ പ്രവര്‍ത്തിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്ത്‌ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഒരു മുന്‍ പ്രചാരകന്‍ എന്ന നിലയ്ക്കല്ല) ഒരു കാര്യം ഇവിടെ കുറിയ്ക്കാനാഗ്രഹിക്കുന്നു. രാഷ്ട്രത്തിനായി, സമാജത്തിനായി സംഘം ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചരിത്രരേഖകളാകണം. അത്‌ ഭാവി തലമുറയുടെ പ്രിവലേജാണ്‌, മൗലികാവകാശമാണ്‌, അനിഷേധ്യമാണ്‌. അല്ലാത്തപക്ഷം, ചരിത്രം വളച്ചൊടിയ്ക്കപ്പെടും ചിലരെങ്കിലും ദുരുപയോഗപ്പെടുത്തും. അതിലും ഭീകരമായ കാര്യം, തന്റെ പ്രസ്ഥാനത്തിന്റെ പൂര്‍വകാല സദ്പ്രവൃത്തികളെപ്പറ്റി സംഘപ്രവര്‍ത്തകര്‍ അറിയാതെ വരുമ്പോള്‍ അതവരുടെ വ്യക്തിത്വ വികാസത്തെ പ്രതികൂലമായി ബാധിയ്ക്കും എന്നതാണ്‌. അതിന്റെ അസുഖകരമായ അനുരണനങ്ങള്‍ സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടേയും വ്യക്തികളുടേയും വളര്‍ച്ചയെ മോശമായി ബാധിയ്ക്കും. അടിയന്തരാവസ്ഥ കാലത്ത്‌ സംഘം രചിച്ച വീരഗാഥകള്‍ക്ക്‌ ഈ ക്ഷീണം ഉണ്ടായിരിക്കുന്നുവെന്ന്‌ വ്യക്തം. ഈ കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാണ്‌ അപേക്ഷ. കാരണം, സാമാജിക പ്രവര്‍ത്തനമാവുമ്പോള്‍ ഏത്‌ മോശമായ സ്ഥിതികളും നേരിടാന്‍ സംഘടന എപ്പോഴും തയ്യാറായിരിക്കണം. അന്തിമ സമരം എന്നൊന്നില്ലല്ലോ. നിരന്തരപ്രവര്‍ത്തനമല്ലേ സംഘത്തിന്റെ മുഖമുദ്ര!

( ടി സതീശൻ - ജന്മഭൂമി )

No comments:

Post a Comment