JANAM TV - Your Window to the World As It Is - News

അടിയന്തരാവസ്ഥ: നക്സല്‍ വേട്ടയും രാജന്‍ കൊലക്കേസും

അടിയന്തരാവസ്ഥ നക്സല്‍ വേട്ടയും രാജന്‍ കൊലക്കേസും


അടിയന്തരാവസ്ഥയിലെ നക്സല്‍ വേട്ടയും രാജന്‍ കൊലക്കേസും


1975 ലെ ആടിയന്തരാവസ് ഥ പിന്‍വലിച്ചതോടെ ഉയര്‍ന്നു വന്ന കിരാത മര്‍ദ്ദനങ്ങളും  മനുഷ്യാവകാശ ലംഘനങ്ങളും ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളവയാണ്. കക്കയം കാംപിന്റെയും രാജന്‍ കൊലപാതകത്തിന്റെയും വസ്തുതകള്‍ സംഭവം കഴിഞ്ഞ് 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിഗൂഢമായി തന്നെ നിലനില്‍ക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ജനാധിപത്യവാദിയായ ജവഹന്‍ലാല്‍ നെഹ്റുവിന്റെ മകളും അന്നത്തെ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയും കേരള ആഭ്യന്തര മന്ത്രി കെ കരുണാകരനും പുലിക്കോടനും ജയറാം പടിക്കലും ഉള്‍പ്പടെയുള്ള മനുഷ്യത്വ൦ തൊട്ട് തീണ്ടിയിട്ടില്ലാത്ത പോലീസ് അധികൃതരും അടിയ്ന്തരാവസ്ഥയുടെ മറവില്‍ കാണിച്ചു കൂട്ടിയ മനുഷ്യാവകാശ ലംഘനങ്ങളെയും കൊടിയ മാര്‍ദനങ്ങളെയും ഇന്നും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പല കോണ്ഗ്രസു  കാരെയും നമുക്ക് കാണുവാന്‍ സാധിച്ചേയ്ക്കാം.
ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ആവശ്യമായ എന്തു കാരണങ്ങളാണ് നിലനിന്നിരുന്നത് ?…….. 1975 ജൂണ്‍ 12 നു ഇന്ദിരാഗാന്ധി ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് അസാധുവാക്കികൊണ്ട് അലഹബാദ് ഹൈകോടതി വിധി പ്രഖ്യാപിക്കുന്നു. ഇതിനെ തുടര്ന്ന് ജൂണ്‍ 23 ല്‍ സുപ്രീം കോടതിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇന്ദിരാ ഗാന്ധിയുടെ അപ്പീലില്‍ ഉപാധികളോടെ മാത്രമേ സ്റ്റേ അനുവദിക്കുന്നുള്ളൂ. കേവലം ഒരു ഹൈകോടതി വിധിയും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുമാണോ രാജ്യത്തെ 2 വര്‍ഷകാലത്തേയ്ക്ക് അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചത്. തീര്‍ത്തൂം ഒരു ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ പദവി നഷ്ടമാകാതിരിക്കാനായാണ് ഇത്രയും നീണ്ട കാലത്തേയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിച്ചത്.
അടിയന്തരാവസ്തകാലത്ത് കേരളത്തിലെ ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ കേരളക്കരയാകേ നക്സല്‍ വേട്ട ആരംഭിച്ചു. കരുണാകരന്റെ ഒത്താശയോടെയുള്ള പുലിക്കോടന്‍റെയും ജയറാം പടിക്കലിന്റെയും ഉരുട്ടി കൊലപാതകങ്ങളുടെ നേര്‍ചിത്രമായ എഞ്ചിനീയറിങ് വിദ്യാര്‍ധി രാജനെ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല.
അടിയന്തരാവസ്ത കാലത്ത് നടന്ന ശ്രദ്ധേയമായ പ്രതീകാത്മകമായ വിപ്ലവങ്ങളില്‍ ഒന്നായിരുന്നു കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം. സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത നക്സല്‍ രാജന് വേണ്ടിയുള്ള പോലീസ് വേട്ടയില്‍ എത്രയോ രാജന്‍മാര്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടു. സ്റ്റേഷന്‍ ആക്രമണവുമായി നേരിട്ടു ബന്ധമൊന്നും ഇല്ലാതിരുന്ന ആര്‍ ഇ സി വിദ്യാര്‍ദ്ധി രാജന്‍ കൊല ചെയ്യപ്പെട്ടു. ഒപ്പം രാജനെ കൊന്നതിന് സാക്ഷികളായ ഒരു തൂപ്പുകാരിയെയും ടാപ്പിങ് തൊഴിലാളിയെയും പോലീസ് കൊന്നു കെട്ടി തൂക്കി. കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ ഒരേ ഒരു രാജന്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. അത് 17 വയസ്സു മാത്രം പ്രായമുള്ള പത്താം തരം പാസായ ശേഷം ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍റും പഠിച്ചു കൊണ്ടിരുന്ന പുതിയോട്ട് പുരക്കല്‍ രാമല്ലൂര്‍ രാജന്‍ എന്ന വിപ്ലവകാരിയായ ചെറിയ രാജന്‍ ആയിരുന്നു.
കായണ്ണ സ്റ്റേഷനിലെ നക്സല്‍ ആക്രമണത്തിന്റെ അടിസ്ഥാനത്തിലാണ് കക്കയം ക്യാംപ് സ്ഥാപിക്കപ്പെട്ടത്. അക്കയം ക്യാംപിലെ  ലെ ഇരുംബുലക്ക കൊണ്ടുള ഉരുട്ടലും മറ്റ് പീഡനങ്ങളുമെല്ലാം പില്‍കാലത്ത് അനുഭവസ്ഥര്‍ വിവരിക്കുകയണ്ടായി. അന്നത്തെ കക്കയം  ക്യാംപിലെ ഉരുട്ടലിന്റെ സുഖം അനുഭവിച്ചവരായിരുന്നു കെ എന്‍ രാമചന്ദ്രന്‍, പ്രഭാകരന്‍ മാസ്റ്റര്‍, എബ്രഹാം ബെന്‍സന്‍, എന്‍ എം അരവിന്ദാക്ഷന്‍, സി ആര്‍ സുലോചന തുടങ്ങിയവര്‍.
അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന സി അച്ചുതമേനോനെ ഒരു മൂലയ്ക്കിരുത്തി ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന്‍ കായണ്ണ സ്റ്റേഷന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നക്സല്‍ വേട്ടയ്ക്ക് ഉത്തരവിടുകയായിരുന്നു. കരുണാകരന്റെ സമ്മതത്തോടെയാണ് കക്കയം ക്യാംപിലെ പീഡനങ്ങള്‍ അരങ്ങേറിയിരുന്നത്. നക്സല്‍ വേട്ടയ്ക്കും കക്കയം ക്യാംപിലെ ഉരുട്ടലിനും വേണ്ടി കരുണാകരന്‍ രങ്കത്തിറക്കിയ മനുഷ്യ മൃഗങ്ങളായിരുന്നു ഡി ഐ ജി ജയറാം പടിക്കലും പുലിക്കോടനുമെല്ലാം.
രാജനെ കാണാതായത്തിന് ശേഷം രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോട് കരുണാകരന്‍ പറഞ്ഞത് 1976 മാര്‍ച്ച് 10 നു ചില തീവ്രമായ കുറ്റങ്ങളെ തുടര്‍ന്നു രാജനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ്. ഇതിനെ തുടര്‍ന്നായിരുന്നു രാജന്റെ അച്ഛന്‍ ഹേബിയസ് കോര്‍പസ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. പിന്നീടാണ് അടിയന്തിരാവസ്ഥ കാലത്തിന് ശേഷം നിയമസഭയില്‍ വെച്ചു മുഖ്യമന്ത്രിയായ കരുണാകരന്‍ രാജനെ ഒരിക്കല്‍ പോലും പോലീസ് കസ്റ്റഡിയില്‍ വച്ചിട്ടില്ല എന്ന്‍ പ്രഖ്യാപിച്ചത്. ഇത്തരത്തില്‍ നിലപാടില്‍ നിന്ന്‍ മലക്കം മറിഞ്ഞത് കൊണ്ടാണ് അന്നത്തെ മുഖ്യമന്ത്രിയായ കരുണാകരനെ കേസില്‍ പ്രതി ചേര്‍ത്തത്. ഒരു നക്സലൈറ്റിന്‍റെ അച്ഛനായ ഈച്ചരവാര്യര്‍ക്ക് ഇതും ഇതിലധികവും സഹിക്കേണ്ടി വരുമെന്ന പത്മജാ വേണുഗോപാലിന്റെ പില്‍ക്കാലത്തെ പ്രസ്താവന തീര്‍ത്തൂം ജനാധിപത്യ വിരുദ്ധമായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരന്റെ മകള്‍ അച്ചന്റെ ഭരണ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങളെ ഈ പ്രസ്താവന കൊണ്ട് ന്യായീകരിക്കുകയാണ് ഉണ്ടായത്.
മുഖ്യധാരാ ഇടതു പക്ഷത്തുള്ള സംഘടനകള്‍ ഉള്‍പ്പടെ എല്ലാവരും നക്സലൈറ്റുകള്‍ക്ക് ഈ സമരത്തിലുള്ള പങ്കിനെ ചെറുതാക്കി കാണാനാണ് ശ്രമിച്ചത്. ജനകൂട്ടം കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്നു വരുത്തിത്തീര്‍ത്ത് അടിയന്തിരാവസ്തക്കെതിരെ നടന്ന എറ്റവും വലിയ പ്രതിരോധ സമരത്തിന്റെ അവകാശം എറ്റെടുക്കാനുള്ള വെഗ്രതയിലായിരുന്നു യഥാര്‍ത്ഥ പ്രതികള്‍ കക്കയം കാമ്പിലെ പീഡനങ്ങള്‍ അനുഭവിക്കുമ്പോള്‍ പുറത്തുള്ളവരുടെ ശ്രമം. 1968 ല്‍ കുന്നിക്കല്‍ നാരായണന്റെ നേതൃത്തത്തില്‍ നടന്ന ആക്രമണങ്ങളുടെ ചുവടു പിടിച്ചായിരുന്നു കായണ്ണ സ്റ്റേഷന്‍ ആക്രമണവും അരങ്ങേറിയത്. ആര്‍ ഇ സി വിദ്യാര്‍ദ്ധി പി രാജനും ഈച്ചരവാര്യരും ഇന്നും മലയാളികളുടെ രാഷ്ട്രീയബോധത്തില്‍ മാറാത്ത വേദനയായി നിലനില്‍ക്കുന്നുണ്ട്. കായണ്ണ സ്റ്റേഷനാക്രമണ കേസിലെ പ്രതികളാരും തന്നെ ഇന്നുവരെ ശിക്ഷിക്കപ്പെട്ടിട്ടില. കേരള ചരിത്രത്തിലെ എറ്റവും നിഗൂഡമായ കക്കയം കാമ്പില്‍ വെച്ചു തന്നെ പരോക്ഷമായി അവരതിന്റെ ശിക്ഷ ഏറ്റു  വാങ്ങിക്കഴിഞ്ഞിരുന്നു.

No comments:

Post a Comment